റായ്പുർ: രണ്ടായിരത്തിലധികം മാവോയിസ്റ്റുകൾ കീഴടങ്ങിയതായി ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്. അക്രമത്തിന്റെയും വെടിവയ്പ്പിന്റെയും ഭാഷ ഉപേക്ഷിച്ച് വികസനത്തിന്റെ മുഖ്യധാരയിലേക്ക് അണിനിരക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഛത്തിസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ ഏറെ കാലമായി രൂക്ഷമായി തുടരുന്നതിനിടയിലാണ് വിഷ്ണു ദിയോ സായ് കീഴടങ്ങിയവരുടെ കണക്കുകൾ പുറത്തുവിട്ട് രംഗത്തെത്തിയത്.
കീഴടങ്ങുന്നവർക്കായി പുനരധിവാസ നയം രൂപപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കീഴടങ്ങുന്നവർക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനൊപ്പം പ്രതിമാസം 10,000 രൂപ സാമ്പത്തിക സഹായവും നൽകുന്നുണ്ട്.
ഇതുകൂടാതെ പുനരധിവാസ നയത്തിൽ കൃഷിക്ക് ഭൂമി നൽകുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുന്നു. നഗരപ്രദേശങ്ങളിൽ വീട് നിർമിക്കുന്നതിന് ഭൂമി നൽകുമെന്നും വിഷ്ണു ദിയോ സായ് അറിയിച്ചു.